വായിച്ച് ഏറെ സങ്കടം തോന്നിയ വാർത്തയാണ്.

മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഒരു കുട്ടി ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിന് അദ്ധ്യാപിക കുട്ടിയുടെ നേരെ പേന എറിയുന്നു. അത് കണ്ണിൽ തറച്ച് കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു. ജീവിതത്തിൽ എക്കാലവും പിന്നെ നഷ്ടങ്ങളാണ്, ജീവിതാന്ത്യം വരെ.
കേസ് കോടതിയിലെത്തി. പതിനഞ്ചു വർഷം എടുത്തു വിചാരണ തീരാൻ! ഇപ്പോൾ അദ്ധ്യാപികയെ കുറ്റക്കാരി എന്നു കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നു. നല്ല കാര്യം വൈകിയാണെങ്കിലും തെറ്റുകാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചല്ലോ.
പക്ഷെ ഇതിനിടക്ക് അധ്യാപിക സസ്പെൻഷൻ ഒക്കെകഴിഞ്ഞ് വീണ്ടും പത്തു വർഷം പഠിച്ചിച്ചുവത്രെ. കുട്ടികളോട് ഇത്രയും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്ന ഒരാളെ വീണ്ടും ക്ലാസിലേക്ക് പറഞ്ഞയച്ച നമ്മുടെ സിസ്റ്റം മാറിയേ തീരു.
പതിനഞ്ച് വർഷം കഴിഞ്ഞിട്ടും ഒന്നാമത്തെ കോടതിയാണ് കഴിഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലായത്. ഇനി ഹൈക്കോടതിയുണ്ട്. അതിനു മീതെ സുപ്രീം കോടതിയുണ്ട്. ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം.
സ്കൂളിൽ പഠിക്കാൻ ചെന്നിട്ട് ജീവിതം തന്നെ മുരടിച്ചുപോയ ആ കുട്ടിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ല. ആ സ്കൂളിൽ ഏതെങ്കിലും ചെറിയൊരു ജോലി നല്കുകയാണ് സിസ്റ്റത്തിന് ചെയ്യാവുന്ന മിനിമം കാര്യം.
കാമ്പസിനെ നടുക്കിയ മറ്റൊരു ക്രൂരത ഇന്നലെ നമ്മൾ കണ്ടു. കഴിഞ്ഞ നാലു വർഷത്തിൽ ഇത് പന്ത്രണ്ടാമത്തെ ആണെന്നും വായിച്ചു. ഈ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെട്ടോ? ജയിലിൽ ഉണ്ടോ അതോ പുറത്താണോ?.
Justice delayed is justice denied എന്ന് ഏറെ പഴക്കമുള്ള ചൊല്ലാണ്. കുറ്റവാളികൾ സമയബന്ധിതമായി ശിക്ഷിക്കപ്പെടുമ്പോൾ ആണ് കുറ്റൂത്യങ്ങൾ കുറയുന്നത്. അത് കൈക്കൂലിയാണെങ്കിലും കൊലപാതകം ആണെങ്കിലും. തെറ്റു ചെയ്യുന്നതിന് പ്രത്യാഘാതം ഉണ്ടാകണം. അത് പ്രത്യക്ഷമായും വേഗത്തിലും കാണാതെ വരുന്നത് കൊണ്ടാണ് കുറ്റ കൃത്യം ഉണ്ടാകുമ്പോൾ ജനങ്ങൾ നേരിട്ട് ശിക്ഷ കൊടുക്കുന്നത്. അതുകൊണ്ടാണ് പോലീസുകാർ പ്രതികളെ മർദ്ദിക്കുന്നതിനെ സമൂഹം പിന്തുണക്കുന്നത്. ഇതുകൊണ്ടാണ് ബലാൽസംഗ കേസിലെ പ്രതികൾ "എൻകൗണ്ടറിൽ" കൊല്ലപ്പെടുമ്പോൾ സാധാരണ ജനം ആശ്വസിക്കുന്നത്.
ഇതൊന്നും ശരിയായ കാര്യമല്ല. അതുകൊണ്ടുതന്നെ നീതി കുറച്ചുവേഗത്തിലാക്കാൻ കൂടുതൽ ശ്രമം വേണം'
മുരളി തുമ്മാരുകുടി
courtesy : facebook post

Post a Comment

Previous Post Next Post